Content-Length: 135372 | pFad | https://ml.wikipedia.org/wiki/%E0%B4%B5%E0%B5%83%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B4%82

വൃദ്ധിക്ഷയം - വിക്കിപീഡിയ Jump to content

വൃദ്ധിക്ഷയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diagram showing the Moon's phases.
ചന്ദ്രന്റെ വൃദ്ധിക്ഷയം വ്യക്തമാക്കുന്ന ചിത്രീകരണം. ഭൂമിയെ കേന്ദ്രമാക്കിയുള്ള ചന്ദ്രന്റെ പരിക്രമണ പാത കുത്തുകളിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. സൂര്യൻ ഭുമിയുടേയും ചന്ദ്രന്റേയും അർദ്ധഭാഗങ്ങളെ വലതു് ഭാഗത്തുനിന്നും പ്രകാശിതമാക്കുന്നു. ചന്ദ്രന്റെ വിവിധ സ്ഥാനങ്ങളോട് ചേർന്ന് അതത് സമയത്തെ വൃദ്ധിക്ഷയ ഘട്ടം ചിത്രീകരിച്ചിരിക്കുന്നു. (ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ നിന്നുള്ള വീക്ഷണം)

ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ, ചന്ദ്രന്റെ ദൃശ്യഭാഗത്തിൽ ക്രമമായുണ്ടാകുന്ന ഏറ്റക്കുറച്ചിലിനെയാണ് വൃദ്ധിക്ഷയം എന്ന് പറയുന്നത്. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന സമയത്ത്, സൂര്യനെ അഭിമുഖീകരിക്കുന്ന ചന്ദ്രന്റെ പകുതി ഭാഗം പ്രകാശിതമാകും. ഭൂമിയിൽ നിന്ന് കാണാൻ കഴിയുന്ന ചന്ദ്രന്റെ പ്രകാശിത ഭാഗത്തിന്റെ വിവിധ രൂപങ്ങൾ ചന്ദ്രന്റെ വൃദ്ധിക്ഷയമായി അറിയപ്പെടുന്നു. 29.5 ദിവസത്തിൽ ഓരോ വൃദ്ധിക്ഷയ ഘട്ടവും ആവർത്തിക്കുന്നു.

ചന്ദ്രന്റെ ഒരേ ഭാഗമാണ് എല്ലായ്പ്പോഴും ഭൂമിയ്ക്ക് അഭിമുഖമായി വരുന്നത്, അതിനാൽ ചന്ദ്രോപരിതലത്തിന്റെ ഒരേ ഭാഗം തന്നെയാണ് വൃദ്ധിക്ഷയ സമയത്ത് വിവിധ ആകൃതിയിൽ കാണാൻ കഴിയുന്നത്. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നതിനാൽ സൂര്യനും ഭൂമിയുമായുള്ള അതിന്റെ കോണളവ് മാറിക്കൊണ്ടിരിക്കുന്നു. അതിനാലാണ് എല്ലാ ദിവസവും വ്യത്യസ്തമായ ചന്ദ്രക്കല ദൃശ്യമാകുന്നത്.

പക്ഷങ്ങൾ

[തിരുത്തുക]
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ

ചന്ദ്രന്റെ പ്രകാശിതമായ പകുതി ഭൂമിക്ക് അഭിമിഖമായി വരുമ്പോൾ ചന്ദൻ പൂർണ്ണ വൃത്താകൃതിയിൽ കാണപ്പെടുന്നതിനെ പൗർണ്ണമി അഥവാ വെളുത്തവാവ് ​എന്ന് വിളിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വയം പ്രകാശമില്ലാത്ത ചന്ദ്രൻ സൂര്യനിൽനിന്നും 180° അകലെ വരുമ്പോൾ ചന്ദ്രഗോളാർധം സമഗ്രമായി സൂര്യനഭിമുഖമായിത്തീരുകയും തന്മൂലം ഭൂമിയിലുള്ളവർക്ക് പൂർണമായ ചന്ദ്രപ്രകാശം ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് പൗർണമി അഥവാ വെളുത്തവാവ്. ചന്ദ്രന്റെ പ്രകാശിതമല്ലാത്ത പകുതി ഭൂമിക്ക് അഭിമിഖമായി വരുമ്പോൾ ചന്ദനെ കാണാൻ കഴിയതെ വരുന്നു. ഇതിനെ അമാവാസി അഥവാ കറുത്തവാവ് ​എന്ന് വിളിക്കുന്നു. ഒരു അമാവാസി മുതൽ അടുത്ത പൗർണ്ണമി വരെയുള്ളതാണ് ഒരു വൃദ്ധിക്ഷയ ചക്രം.

ചന്ദ്രന്റെ ഒരു വൃദ്ധിക്ഷയ ചക്രത്തെ ശുക്ലപക്ഷം, കൃഷ്ണപക്ഷം എന്നിങ്ങനെ രണ്ട് പക്ഷങ്ങളായി തിരിച്ചിരിക്കുന്നു.

ശുക്ലപക്ഷം

[തിരുത്തുക]

അമാവാസിയിൽ നിന്നും പൗർണമിയിലേയ്ക്കുള്ള ഘട്ടമാണ് ശുക്ലപക്ഷം. ഈ സമയത്ത് ചന്ദ്രന്റെ ദൃശ്യഭാഗം കൂടി വരുന്നു.

കൃഷ്ണപക്ഷം

[തിരുത്തുക]

പൗർണമിയിൽ നിന്നും അമാവാസിയിലേയ്ക്കുള്ള ഘട്ടമാണ് കൃഷ്ണപക്ഷം. ഈ സമയത്ത് ചന്ദ്രന്റെ ദൃശ്യഭാഗം കുറഞ്ഞ് വരുന്നു.

വൃദ്ധിക്ഷയ ഘട്ടങ്ങൾ

[തിരുത്തുക]
ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലച്ചിത്രം. ചന്ദ്രൻ ആന്ദോളനം ചെയ്യുന്നതുപോലെ തോന്നുന്നതിന് ലിബറേഷൻ എന്നാണ് പറയുക

വൃദ്ധിക്ഷയ സമയത്ത് എട്ട് പ്രധാന ഘട്ടങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നു.

  • അമാവാസി
  • ശുക്ലപക്ഷപ്പിറ
  • ശുക്ലപക്ഷ അർദ്ധചന്ദ്രൻ
  • പൂർവ്വപൗർണമി
  • പൗർണമി
  • ഉത്തരപൗർണമി
  • കൃഷ്ണപക്ഷ അർദ്ധചന്ദ്രൻ
  • കൃഷ്ണപക്ഷപ്പിറ

ഇതുംകൂടി കാണുക

[തിരുത്തുക]

നിലാവ് പൗർണ്ണമി അമാവാസി ചാന്ദ്ര കലണ്ടർ

"https://ml.wikipedia.org/w/index.php?title=വൃദ്ധിക്ഷയം&oldid=3835121" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%B5%E0%B5%83%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B4%82

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy