Jump to content

അഡീനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഡീനിയം
An Adenium flower
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Subfamily: Apocynoideae
Tribe: Nerieae
Genus: Adenium
Roem. & Schult.[1]
Synonyms[2]
  • Adenum G.Don
  • Idaneum Kuntze & Post

പല നിറങ്ങളിലായി ഏകദേശം വർഷം മുഴുവനും പൂക്കൾ വിരിയുന്ന ഒരു അലങ്കാര സസ്യയിനമാണ്‌ അഡീനിയം - Adenium. കൂടാതെ ഇവയെ പെട്ടെന്നുതന്നെ ബോൺസായ് രൂപത്തിലാക്കി മാറ്റുന്നതിനും കഴിയും[3].

അഡീനിയത്തിന്റെ പൂവ്

സവിശേഷതകൾ

[തിരുത്തുക]

Adenium obesum എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. തൂവെള്ള നിറം മുതൽ കടും ചുവപ്പു നിറം വരെയുള്ളതും കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കൾ തണ്ടുകളുടെ അഗ്രഭാഗത്ത് കുലകളായി ഉണ്ടാകുന്നു. കൂടാതെ ഇലകളിലും തണ്ടുകളിലും കറ കാണപ്പെടുന്നതും ഇതിന്റെ സവിശേഷതയാണ്‌. തറയിലും ചട്ടികളിലും വളർത്താമെന്നതും, നട്ട് രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ സ്വാഭാവിക ബോൺസായ് ആകൃതി രൂപപ്പെടുന്നു എന്നതും ഇതിന്റെ എടുത്തുപറയത്തക്ക സവിശേഷഗുണമാണ്‌[3].

അഡീനിയം ചെടി

നടീൽ വസ്തു

[തിരുത്തുക]

വിത്തുകൾ വഴിയോ ചെടികളിൽ ഗ്രാഫ്റ്റിംഗ് രീതി വഴിയോ ഉത്പാദിപ്പികുന്ന ചെടികളാണ്‌ സാധാരണയായി നടീൽവസ്തുവായി ഉപയോഗിക്കുക. അഡീനിയത്തിൽ പൂക്കൾ ഉണ്ടാകുമ്പോൾ അവയിൽ സ്വാഭാവിക പരാഗണം വഴി ഉത്പാദിപ്പിക്കപ്പെടുന്ന കാളക്കൊമ്പിന്റെ ആകൃതിയിലുള്ള കായ്കളിൽ നിന്നും പാകമാകുമ്പോൾ വിത്തുകൾ ശേഖരിക്കുന്നു. അങ്ങനെയുള്ള വിത്തുകൾ വഴി മുളപ്പിച്ചെടുക്കുന്ന സസ്യങ്ങൾക്ക് മാതൃ സസ്യത്തിന്റെ സ്വാഭാവിക ഗുണങ്ങൾ ചിലപ്പോൾ കാണാറില്ല. അത്തരം സസ്യങ്ങളിൽ 'സ്റ്റോൺ ഗ്രാഫ്റ്റ്' വഴി പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു[3].

കൃഷിരീതി

[തിരുത്തുക]

ചട്ടികളിലോ നിലത്തോ നടാൻ പറ്റിയ ഒരു സസ്യമാണിത്. ഏകദേശം പത്ത് ഇഞ്ച് വരെ വലിപ്പമുള്ള ചട്ടികളിലാണ്‌ സാധരണയായി അഡീനിയം വളർത്തുന്നതിനായി ഉപയോഗിക്കുന്നത്. ആറ്റുമണൽ, ചുവന്ന മണ്ണ് എന്നിവ 2:1 എന്ന അനുപാതത്തിൽ തയ്യാറാക്കുന്ന മിശ്രിതത്തിൽ അടിവളമായി 50ഗ്രാം സ്റ്റെറാമീൽ ചേർക്കുന്നു. വിത്തുവഴിയോ ഗ്രാഫ്റ്റിംഗ് വഴിയോ വളർത്തിയെടുക്കുന്ന ചെടികളുടെ ഗോളാകൃതിയിലുള്ള താഴ്ഭാഗം മിശ്രിതത്തിന്‌ മുകളിൽ കാണുന്ന വിധമാണ്‌ നടുന്നത്. ചട്ടികളിൽ നട്ട ചെടി തുടർവളർച്ച കാണിച്ചാൽ 6-7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്തേയ്ക്ക് മാറ്റി സ്ഥാപിക്കാവുന്നതാണ്[3]‌.

അഡീനിയം പൂവ്

നന്നായി നീർവാഴ്ചയുള്ളതും 6 മുതൽ 7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതുമായ സ്ഥലമാണ്‌ തറയിൽ നടുമ്പോൾ തിരഞ്ഞെടുക്കേണ്ടത്. നിലത്ത് തയ്യാറാക്കിയ കുഴികളിൽ ചട്ടികൾക്കായി തയ്യാറാക്കിയതുപോലെയുള്ള മിശ്രിതമാണ്‌ ഉപയോഗിക്കുന്നത്. കൂടാതെ ഈ മിശ്രിതത്തിൽ 6-7 ഫുറഡാൻ തരികൾ വിതറുന്നത് ചെടിയെ കീടബാധയിൽ നിന്നും രക്ഷിക്കും. നട്ടതിനുശേഷം നന്നായി നനച്ചുകൊടുക്കുക. പിന്നീട് 2-3 ദിവസത്തേയ്ക്ക് നനയുടെ ആവശ്യമില്ല.

പരിപാലനം

[തിരുത്തുക]
അഡീനിയത്തിന്റെ മൊട്ട്

ഉണക്കിപ്പൊടിച്ച ആട്ടിൻ കാഷ്ഠം, മീൻ വളം, സ്റ്റെറ്റാമീൽ എന്നിവയെല്ലാം അഡീനിയത്തിന്‌ നൽകാവുന്ന ജൈവവളങ്ങളാണ്‌. വളം മേൽമണ്ണുമായി നല്ലതുപോലെ കൂട്ടിക്കലർത്തിയാണ്‌ ചെടികൾക്ക് നൽകുന്നത്. വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്ന 19:19:19 എന്ന രാസവളക്കൂട്ട് ഒരു ലിറ്റർ വെള്ളത്തിൽ 2ഗ്രാം എന്ന അളവിൽ ലയിപ്പിച്ച് രണ്ടാഴ്ചയിലൊരിക്കൽ നൽകുകയാണെങ്കിൽ , ചെടികൾക്ക് നല്ല കരുത്തും വളർച്ചയ്ക്കും സഹായകരമാകും. പൂക്കൾ ധാരാളമായി ഉണ്ടാകുന്നതിലേയ്ക്കായി മാസത്തിലൊരിക്കൽ രണ്ടുഗ്രാം പൊട്ടാസ്യം നൈട്രേറ്റ് വെള്ളത്തിൽ ചേർത്ത് നൽകിയാൽ മതിയാകും. മിശ്രിതത്തിന്റെ ഉപരിതലം എപ്പോഴും ഈർപ്പം നിൽക്കാത്ത വിധത്തിൽ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്‌. കൂടാതെ മിശ്രിതത്തിലെ മേൽമണ്ണ് മാസത്തിലൊരിക്കൽ നന്നായി ഇളക്കി വായു സഞ്ചാരം സുഗമമാക്കുകവഴി കടചീയൽ എന്ന രോഗത്തിൽ നിന്നും ചെടിയെ സം‌രക്ഷിക്കാവുന്നതാണ്‌[3].

വിത്തുവഴി വളർത്തിയെടുക്കുന്ന ചെടികൾ 6-7 മാസം പ്രായമെത്തുമ്പോൾ ചുവട്ടിൽ നിന്നും 4-5 ഇഞ്ച് ഉയരത്തിൽ നിർത്തി തണ്ടിന്റെ മുകൾ ഭാഗം മുറിച്ചു നീക്കുന്നത് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതിന്‌ സഹായിക്കും. മുറി ഭാഗത്ത് കുമിൾ നാശിനി കുഴമ്പു രൂപത്തിൽ തേച്ച് കീടബാധയിൽ നിന്നും സം‌രക്ഷണം നൽകാം. ഗ്രാഫ്റ്റിംഗ് വഴി വളർത്തിയെടുക്കുന്ന തൈകൾ ആദ്യവർഷം തണ്ട് മുറിച്ച് നീക്കേണ്ട ആവശ്യമില്ല. മഴക്കാലത്ത് പൂർണ്ണമായും നന ഒഴിവാക്കുകയും, മിശ്രിതത്തിൽ നിന്നും വെള്ളം വാർന്നുപോകുന്നു എന്ന് ഉറപ്പാക്കുകയും വേണം. വേനൽ കാലത്ത് ചട്ടികളിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ നന മതിയാകും. മേയ് , ജൂൺ മാസങ്ങളിൽ കമ്പുകോതൽ നടത്തിയാൽ സെപ്റ്റംബർ- ഒക്ടോബർ മാസത്തോടുകൂടി ധാരാളം പൂക്കൾ ഉണ്ടാകുന്നതിന്‌ കാരണമാകും. അഡീനിയത്തിന്‌ കുള്ളൻ ആകൃതി നിലനിർത്തുവാനും ബോൺസായ് ആകൃതി ലഭിക്കുന്നതിനും കമ്പുകോതൽ സഹായിക്കും. 2 മുതൽ 3 വർഷം വരെ പ്രായമായ ചെടികൾ ആഴം കുറഞ്ഞ ചട്ടികളിലേയ്ക്ക് മാറ്റി നടാവുന്നതാണ്‌. ഇതുമൂലം, വേരുകൾക്ക് ശരിയായി വളരാൻ സാധിക്കാതെ പുറത്തേയ്ക്ക് തള്ളിവരികയും പിന്നീട് ക്രമേണ തടിച്ച പ്രകൃതമാകുകയും ചെയ്യും[3].

രോഗകീടബാധ‍

[തിരുത്തുക]

അഡീനിയത്തിന്‌ പ്രധാനമായും ഉണ്ടാകുന്ന രോഗമാണ്‌ കട ചീയൽ. വർഷകാലത്ത് രണ്ടാഴ്ചയിലൊരിക്കൽ ഏഴു തുള്ളി 'ഇമിഡോക്ലോപ്രിഡ്' അടങ്ങിയിട്ടുള്ള കീടനാശിനിയും രണ്ടുഗ്രാം 'കോണ്ടഫ്' കുമിൾ നാശിനിയും ഒരു ലിറ്റർ വെള്ളത്തിൽ ലായനിയായി തളിച്ചുകൊടുക്കുന്നത് കടചീയലും അതുപോലെയുള്ള മറ്റ് രോഗങ്ങളും മാറുവാൻ സഹായിക്കും[3].

കുമിളുകൾ ഉണ്ടാക്കുന്ന ചീയൽ രോഗത്തിന്റെ ആദ്യലക്ഷണം ഇലകളിൽ കാണുന്ന മഞ്ഞ നിറമാണ്‌. രോഗലക്ഷണങ്ങൾ തുടങ്ങിയാൽ മൂന്നുഗ്രാം 'ഇൻഡോഫിൽ' ഒരു ലിറ്റർ വെള്ളത്തിൽ ലായനിയാക്കി നാലുദിവസത്തിലൊരിക്കൽ തളിക്കുന്നത് നന്നായിരിക്കും[3].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Genus: Adenium Roem. & Schult". Germplasm Resources Information Network. United States Department of Agriculture. 2003-03-14. Archived from the original on 2012-10-06. Retrieved 2010-06-26.
  2. "World Checklist of Selected Plant Species".
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 ജേക്കബ് വർഗ്ഗീസ് കുന്തറയുടെ ലേഖനം. കർഷകശ്രീ മാസിക. ജനുവരി 2010. പുറം 40-42
"https://ml.wikipedia.org/w/index.php?title=അഡീനിയം&oldid=3290024" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy