Jump to content

ഡയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബർലിനിൽ പ്രദർശിപ്പിച്ചിട്ടുള്ള ആൻ ഫ്രാങ്കിന്റെ യഥാർത്ഥഡയറി

ദൈനംദിനാനുഭവങ്ങൾ, സംഭവങ്ങൾ, ചിന്തകൾ ഇവ അന്നന്നു രേഖപ്പെടുത്തി സൂക്ഷിക്കുന്ന രേഖയെ ഡയറികുറിപ്പുകൾ എന്നു പറയുന്നു. ദിനസരിക്കുറിപ്പുകൾ എന്നും അറിയപ്പെടുന്നു. ഇവ സ്വന്തമായോ മറ്റുള്ളവർ വഴിയോ പ്രസിദ്ധീകരിക്കുമ്പോൾ ആത്മകഥാംശമുൾക്കൊള്ളുന്ന സാഹിത്യരൂപമായിത്തീരുന്നു.

ദിവസം എന്ന് അർഥമുള്ള ഡീയസ് (dies) എന്ന ലത്തീൻ പദത്തിൽ നിന്നു വന്ന ഡയാറിയം (diarium)[1] എന്ന പദമാണ് ഡയറി എന്ന പദത്തിന്റെ പൂർവരൂപം. ഓരോ ദിവസവും രേഖപ്പെടുത്തുന്ന കണക്ക് എന്നാണ് ഡയാറിയം എന്ന പദത്തിനർഥം. അന്നന്നു കുറിച്ചിട്ടിരുന്ന വരവു ചെലവു കണക്കുകൾ, കൂലി തുടങ്ങിയവയാകണം ദിനസരിക്കുറിപ്പുകളുടെ ആദ്യ രൂപം. വിശേഷപ്പെട്ട സംഭവങ്ങൾ, സംഭവങ്ങളെപ്പറ്റിയോ ചുറ്റുപാടിനെപ്പറ്റിയോ ഉള്ള വിശകലനം, വിശേഷ വ്യക്തിത്വം പ്രതിഫലിക്കുന്ന ചിന്തകൾ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ദിനസരിക്കുറിപ്പുകളാണ് സാഹിത്യം, കല, തത്ത്വചിന്ത തുടങ്ങിയ മേഖലകൾക്കു മുതൽക്കൂട്ടാകുന്ന നിലയിൽ പ്രസിദ്ധീകൃതമായിട്ടുള്ളത്.

ഓർമക്കുറിപ്പുകളും ആത്മകഥയും

[തിരുത്തുക]

സംഭവങ്ങളും സ്വാനുഭവവും ചിന്താപരവും വിമർശാത്മകവുമായ നിറക്കൂട്ടുകളോടെ ഓർമക്കുറിപ്പുകളിലും ആത്മകഥയിലും രേഖപ്പെടുത്താറുണ്ടെങ്കിലും ദിനസരിക്കുറിപ്പുകളിലെ ഇത്തരം രേഖകൾക്കുള്ള ഭാവതലമല്ല അവയ്ക്കുള്ളത്. ഒരു സംഭവത്തിന്റെ ദൃക്സാക്ഷി വിവരണത്തിൽ, അഥവാ ദൃശ്യമാധ്യമത്തിലൂടെയുള്ള തത്സമയ സംപ്രേഷണത്തിൽ നിന്നു ലഭിക്കുന്ന അനുഭൂതി അതിന്റെ പിന്നീടുള്ള പുനരാവിഷ്കരണത്തിൽ നിന്നു ലഭിക്കുന്നില്ല എന്നത് ഇതിനു സമാനമാണ്. ബ്രിട്ടിഷ് രാജാവായിരുന്ന ചാൾസ് ഒന്നാമന്റെ വധത്തിനു ദൃക്സാക്ഷിയായ സർ വില്യം ഡഗ്ഡെയിൽ ഈ രംഗം വിശദമായി തന്റെ ഡയറിയിൽ കുറിച്ചിട്ടതു വായിക്കുമ്പോഴുള്ള അനുഭവത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ സംഭവം ഒരു ചരിത്രകാരൻ വിശദീകരിച്ചിരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുക. ഒരു സംഭവം അന്നു തന്നെ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ അതിന്റെ തുടർച്ചയായി വരാവുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയും ആകാംക്ഷയും കൂടി പ്രതിഫലിക്കാറുണ്ട്. ഈ ഘടകം ഓർമക്കുറിപ്പിലും ആത്മകഥയിലും കാണില്ല. ഫലപ്രാപ്തിയിലെത്തിയ അഥവാ ഫലപ്രാപ്തിയിലെത്താത്ത സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും വിശകലനവുമാണ് ഇവയിൽ കാണുക.

ആദ്യമാതൃകകൾ

[തിരുത്തുക]

പ്രാചീന കാലത്തു തന്നെ ഗ്രീക്കുകാരും റോമാക്കാരും ഡയറിക്കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. ഗ്രീക്കുകാരുടെ എഫെമെരിഡെസ് എന്നറിയപ്പെടുന്ന രേഖകൾ ഇതിന്റെ ആദ്യമാതൃകയായി പരിഗണിക്കാം. എഫെമെറോസ് (ephemeros)[2] എന്ന വാക്കിന് ഒരു ദിവസം നീണ്ടു നിൽക്കുന്നത് എന്നാണർഥം. ഗ്രഹങ്ങളുടെയും മറ്റും സ്ഥാനം ജ്യോതിശ്ശാസ്ത്രപരമായി നിർണയിച്ചു കുറിച്ചിട്ടിരുന്ന എഫെമെരിഡെസിന് ഭാരതത്തിലെ പഞ്ചാംഗ ഗ്രന്ഥങ്ങളുടെ സ്ഥാനമാണുള്ളത്. മതപരമായും കാർഷിക വിളവെടുപ്പു സംബന്ധമായും ഉത്സവാഘോഷപരമായും മറ്റും പ്രാധാന്യമുള്ള രേഖയാണ് ഇത്. എന്നാൽ വ്യക്തിപരമല്ലാത്തതിനാൽ ആധുനിക സങ്കല്പത്തിലുള്ള ഡയറിക്കുറിപ്പായി ഇത് പരിഗണിക്കപ്പെടുന്നില്ല.

ഗ്രീക്കുകാരുടെ ദിനസരിക്കുറിപ്പുകളുടെ മാതൃകയ്ക്ക് കൂടുതൽ പ്രായോഗികവും ചരിത്രപരവുമായ രേഖ എന്ന നിലയിൽ പരിണാമം നൽകിയത് റോമാക്കാരാണ്. വാർഷിക വിവരണ രേഖ എന്നർഥമുള്ള അനൽസ് എന്ന പേരാണ് ഇത്തരം കുറിപ്പുകൾക്ക് അവർ നൽകിയത്. ദൈനംദിന ജീവിതത്തിലെ സംഭവങ്ങളും ഭരണസംബന്ധമായ വിവരണങ്ങളും നീതിനിർവാഹകരുടെ പ്രവർത്തനങ്ങളും അനൽസിൽ ഉൾപ്പെട്ടിരുന്നു. ആദ്യകാല റോമൻ ചരിത്ര ഗ്രന്ഥങ്ങളും കാവ്യങ്ങളും ഇങ്ങനെയുള്ള ഡയറിക്കുറിപ്പുകളെ ഉപജീവിച്ചു രചിച്ചവയാണ്. റോമൻ സാഹിത്യത്തിലെ ആദികവിയായറിയപ്പെടുന്ന ക്വിന്റസ് എന്നിയുസ് (Quintus Ennius - ക്രി. മു. 239-169)[3] അനൽസ് എന്ന പേരിൽത്തന്നെ രചിച്ച പതിനെട്ടു ഭാഗങ്ങളുള്ള ഇതിഹാസ കാവ്യമാണ് ഇതിലാദ്യത്തേത്. കറ്റൊ ദ് സെൻസർ എന്നും കറ്റൊ ദ് എൽഡർ എന്നും അറിയപ്പെട്ടിരുന്ന മാർകസ് പോർസിയുസ് കറ്റൊ രചിച്ച ഒറിജിൻസ് എന്ന പേരിലുള്ള ചരിത്രഗ്രന്ഥവും ഗ്രീക്ക് എഫെമെരിഡെസിന്റെ മാതൃകയിലുള്ളതാണ്. അനൽസ് എന്ന പേരിൽത്തന്നെ റ്റൈറ്റസ് ലിയൂസ്, കോർണേലിയൂസ് റ്റാസിറ്റസ് എന്നിവർ രചിച്ച ഗ്രന്ഥങ്ങളുമുണ്ട്.

വ്യക്തിനിഷ്ഠമായ ചിന്തകളും വിശകലനവും കൂടി ഉൾപ്പെട്ട, അങ്ങനെ ചൈതന്യമുറ്റ ഡയറിക്കുറിപ്പുകളുടെ ആദ്യകാല മാതൃകയാണ് ജൂലിയസ് സീസറിന്റെ (ക്രി. മു. 100-44) കമന്ററീസ്.[4] ഗാലിക് യുദ്ധത്തെക്കുറിച്ചുള്ള വിവരണവും വിശകലനവുമാണ് ഇതിൽ. എന്നാൽ ഈ രീതിയിലുള്ള മാതൃകാപരമായ ഡയറിക്കുറിപ്പുകൾ പിന്നീട് നവോത്ഥാനകാലഘട്ടത്തിന്റെ പ്രാരംഭത്തോടെ മാത്രമാണ് കണ്ടെത്തുന്നത്.

നവോത്ഥാന കാലഘട്ടം

[തിരുത്തുക]
ദാന്തെയും പ്രണയിനി ബിയാട്രിക്കും

നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തിൽ ഇതിന്റെ പ്രണേതാക്കളിൽ പ്രമുഖരായ ദാന്തെയും (1265-1321) പെട്രാർക്കും (1304-74) എഴുതിയ ഡയറിക്കുറിപ്പുകൾ ഈ സാഹിത്യശാഖയുടെ വളർച്ചയ്ക്കും പുതിയ പ്രവണതകളുടെ ആവിർഭാവത്തിനും കാരണമായി. ദാന്തെയുടെ വിറ്റ നുഒവ (Vita nuova)[5]യിലും പെട്രാർക്കിന്റെ കൻസൊനീറെ (Canzoneiere)[6] യിലും ഇവർക്ക് തങ്ങളുടെ പ്രേമഭാജനങ്ങളോടുള്ള പ്രണയത്തിന്റെ അനുക്രമമായ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത് പ്രത്യേകം ശ്രദ്ധേയമായി.

സാമുവൽ പെപിസ് (1633-1703),[7] ജോൺ എവലിൻ (1620-1706)[8] എന്നിവരുടെ ഡയറിക്കുറിപ്പുകൾ വ്യത്യസ്ത ശൈലിയിലുള്ളതാണ് ഇവ. മാതൃകാപരമായ ഡയറിക്കുറിപ്പുകളായി പരിഗണിക്കപ്പെടുന്നു. നേവിയിൽ സെക്രട്ടറിയായിരുന്ന സാമുവൽ പെപിസ് അന്ധത തന്നെ കീഴ്പെടുത്തുന്നതായി മനസ്സിലാക്കിയ 1660-ലാണ് ഡയറിക്കുറിപ്പുകൾ എഴുതാനാരംഭിച്ചത്. എന്നാൽ മറ്റാരും പെട്ടെന്ന് വായിക്കാതിരിക്കാൻ വേണ്ടി കൃത്രിമമായ ഒരു ഭാഷാരീതി ഇദ്ദേഹം സ്വീകരിച്ചു. അതിനാൽ ഇതിന്റെ ആദ്യഭാഗം തന്നെ വളരെക്കാലത്തിനുശേഷമേ - 1825-ൽ - പ്രസിദ്ധീകൃതമായുള്ളൂ. 20-ആം നൂറ്റാണ്ടിൽ മാത്രമാണ് ഡയറിയുടെ പൂർണമായ പ്രസിദ്ധീകരണം നടന്നത്. 1665-ൽ യൂറോപ്പിലാകെ പടർന്നു പിടിച്ച പ്ലേഗ്ബാധയെക്കുറിച്ചും 1666-ൽ ലണ്ടനിലുണ്ടായ അഗ്നിബാധയെക്കുറിച്ചും ഉള്ള പരാമർശങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. പെപിസിന്റെ സമകാലികനായ ജോൺ എവലിന്റെ ഡയറി കൂടുതൽ സാഹിത്യാംശം ഉൾക്കൊള്ളുന്നതാണ്. പല ആവർത്തി വായിച്ച് പരിഷ്കരിച്ചതാണ് എവലിന്റെ ഡയറി.

ആധുനിക കാലം

[തിരുത്തുക]

എഴുത്തുകാരുടെ ഡയറികുറിപ്പുകൾ

[തിരുത്തുക]
ജയിംസ് ബോസ്വൽ
  • ജോനാഥൻ സ്വിഫ്റ്റ്
  • സർ വാൾട്ടർ സ്കോട്ട്
  • ചാൾസ് ഗ്രെവിൻ
  • തോമസ് ക്രീവി
  • വേർഡ്സ്വർത്
  • ഡൊറൊത്തി വേർഡ്സ്വർത്
  • ഗയ്ഥെ
  • സച്ചിൽട്ടൺ
  • കോളറിജ്
  • ഹെന്റി റോബിൻസൺ
  • ഫാനിബർണി
  • റാൽഫ് വാൽഡൊ എമെർസൻ
  • ഗൊൺകോർട്
  • ജയിംസ് ബോസ്വൽ
  • കാതറൈൻ മാൻസ്ഫീൽഡ്
  • ആന്ദ്രെഴീദ്

തുടങ്ങിയ പ്രശസ്ത എഴുത്തുകാർ പലരും ഡയറിക്കുറിപ്പുകൾ രേഖപ്പെടുത്തി സൂക്ഷിച്ചവരാണ്. ജയിംസ് ബോസ്വൽ[9] തന്റെ ഡയറിക്കുറിപ്പുകളെ ആധാരമാക്കിയായിരുന്നു ഡോ. സാമുവൽ ജോൺസന്റെ ജീവചരിത്രം രചിച്ചത്.

പ്രശസ്തരുടെ ഡയറി കുറിപ്പുകൾ

[തിരുത്തുക]

ജോൺ വെസ്ലി, കോട്ടൺ മാത്തർ, പോപ് ജോൺ ഇരുപത്തിമൂന്നാമൻ എന്നിവർ മതാധ്യക്ഷന്മാരെന്ന നിലയിലും വിക്ടോറിയാ രാജ്ഞി, ജോർജ് അഞ്ചാമൻ, ജോർജ് വാഷിങ്ടൺ, ജോൺ ക്വിൻസി ആദംസ്, ഹാരോൾഡ് നിക്കോൾസൺ, ബാൻസ്ലെ, വൈറ്റ് ലോക്കോ എന്നിവർ മികച്ച ഭരണാധികാരികളെന്ന നിലയിലും വില്യംപാരി, ക്യാപ്റ്റൻ ജയിംസ് കുക്ക് എന്നിവർ വിഖ്യാതരായ സാഹസികരെന്ന നിലയിലും ബ്രൂസ് ഫ്രെഡറിക് കമ്മിങ്സ് ശാസ്ത്രജ്ഞൻ എന്ന നിലയിലും ലിയനാർഡൊ ഡാവിഞ്ചി വിറ്റി

വിക്ടോറിയ രാജ്ഞിയുടെ ഡയറിക്കുറിപ്പുകൾ

[തിരുത്തുക]

ബ്രിട്ടനിലെ വിക്ടോറിയാ രാജ്ഞി (1819-1901) 68 വർഷം തുടർച്ചയായി ഡയറിക്കുറിപ്പെഴുതി.[10] 19-ആം വയസ്സിൽ സ്ഥാനാരോഹണ ദിവസം ഇങ്ങനെ രേഖപ്പെടുത്തുന്നു. ഞാൻ വളരെ ചെറുപ്പമാണ്. എങ്കിലും എന്റെ രാജ്യത്തോടുള്ള കടമ നിർവഹിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. ജോർജ് അഞ്ചാമൻ (1865-1936) 56 വർഷം ദിവസവും അന്നന്നത്തെ കാലാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തിയിരുന്നു.[11] 24 വാല്യങ്ങളുള്ള ഈ ഡയറി ഓരോന്നും പ്രത്യേകം അറകളിൽ സ്വർണത്താക്കോലിട്ടു പൂട്ടി വച്ചിരുന്നു. നോബൽ സമ്മാന ജേതാവായ ആന്ദ്രേഴീദ് 1889 മുതൽ 1939 വരെയെഴുതിയ ഡയറിക്കുറിപ്പുകൾ ജേണൽ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആധുനിക കാലത്തെ ഏറ്റവും പ്രശസ്തമായ ഡയറിക്കുറിപ്പായി ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നു.

അപവാദ പ്രചരണം ഡയറിക്കുറിപ്പുകളിൽ

[തിരുത്തുക]
മാർജോറി പ്ലെമിങ്

സാമൂഹിക വിശകലനത്തോടൊപ്പം അപവാദ പ്രചാരണവും ഡയറിക്കുറിപ്പുകളുടെ പ്രമേയമാകാമെന്നതിന് ഉദാഹരണമാണ് മാർക്വിസ് ഡെ ഡാങ് ഗൗസിന്റെ ഡയറി. ലൂയിസ് പതിനാലാമന്റെ ഭരണത്തെപ്പറ്റിയുള്ള അപവാദശരങ്ങളാണ് ഈ ഡയറിയുടെ സിംഹഭാഗവും.

സ്തോഭജനകമായ ഡയറികുറിപ്പുകൾ

[തിരുത്തുക]

രഹസ്യസ്വഭാവമുള്ളതും സ്തോഭജനകവുമായ സംഭവങ്ങളുടെ വെളിപ്പെടുത്തലുകളായും ഡയറിക്കുറിപ്പുകൾ പ്രാധാന്യം നേടാറുള്ളതിന് ഉദാഹരണമാണ് അലസ്തായർ മോറെയുടെ ഡയറി ഒഫ് എ റം റണ്ണർ,[12] ഡേവിഡ് ലോറൻസിന്റെ ഡയറി ഒഫ് എ വാഷിങ്ടൺ കറസ്പോൺഡന്റ് എന്നിവ.[13]

കുട്ടികളുടെ ഡയറികുറിപ്പുകൾ

[തിരുത്തുക]

കുട്ടികളുടെ ഡയറിക്കുറിപ്പുകളാണ് മറ്റൊരു വിഭാഗം. ഇതിനുദാഹരണമാണ് എട്ടാമത്തെ വയസ്സിൽ നിര്യാതയായ മാർജോറി പ്ലെമിങ് എന്ന പെൺകുട്ടി (1803-11) എഴുതിയ ഡയറിക്കുറിപ്പുകൾ. ഇത് 1914-ൽ പ്രസിദ്ധീകരിച്ചു.[14]

ആൻഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകൾ

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആൻഫ്രാങ്ക് എന്ന പെൺകുട്ടി എഴുതിയ ഡയറിക്കുറിപ്പുകൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. 1942-44 കാലത്ത് ജൂതവംശജരായ കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന എട്ടുപേർ നാസികളെ ഭയന്ന് ആംസ്റ്റർഡാമിൽ ഒരു കെട്ടിടത്തിൽ ഒളിച്ചു കഴിയുമ്പോൾ ആൻ ഫ്രാങ്ക് ജീവിക്കാനുള്ള അഭിലാഷവും ശുഭാപ്തി വിശ്വാസവും ഡയറിക്കുറിപ്പുകളായി രേഖപ്പെടുത്തി വന്നു. എന്നാൽ നാസികൾ ഇവരെ കണ്ടെത്തുകയും ഉൻമൂല നാശം വരുത്തുകയും ചെയ്തു. പതിനഞ്ചു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആൻ 1945-ൽ അന്തരിച്ചു. ആൻ ഫ്രാങ്കിന്റെ ഡയറി 1947-ൽ ഡച്ച് ഭാഷയിലും 1952-ൽ ദ് ഡയറി ഒഫ് എ യങ് ഗേൾ എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ഈ ഡയറിക്ക് 1956-ൽ നാടകാവിഷ്കരണവും 1959-ൽ ചലച്ചിത്രാവിഷ്കരണവുമുണ്ടായി. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ എന്ന പേരിൽ പ്രമീളാദേവി ഇത് മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.[15]

ഡയറിക്കുറിപ്പുകൾ ഭാരതത്തിൽ

[തിരുത്തുക]
മാർക്കോപോളോ
വാസ്കോ ദെ ഗാമ

ലോകസഞ്ചാരികളായ ചിലർ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നും ക്രിസ്ത്വബ്ദാരംഭത്തോടെ ഭാരതത്തിലൂമെത്തിയിരുന്നു. ഭാരതീയ സാമൂഹിക-സാംസ്കാരിക കാര്യങ്ങളുടെ ചിത്രീകരണവും വിശകലനവും നടത്തിയ ആദ്യത്തെ ഡയറിക്കുറിപ്പുകൾ ഇവരുടേതാണ്. ഒന്നാം നൂറ്റാണ്ടിൽ[16] എഴുതിയ പെരിപ്ലസ് എന്ന കൃതി ഇത്തരത്തിലുള്ള ഒരു ഡയറിക്കുറിപ്പായി കണക്കാക്കാം. ഗ്രീസിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഇതിന്റെ രചയിതാവ് ജനിച്ചത്.

ബുദ്ധമതത്തെക്കുറിച്ചും ഭാരതത്തെക്കുറിച്ചും കൂടുതൽ അറിയുന്നതിന് ചൈനയിൽ നിന്ന് ഭാരതത്തിലെത്തിയ ഫാഹിയാന്റെയും (374-434 ) ഇതേ ഉദ്ദേശ്യത്തോടെ വന്ന ഹുയാൻ സാങിന്റെയും (603-665) ഡയറിക്കുറിപ്പുകൾ ഈ കാലഘട്ടങ്ങളിലെ ഭാരതീയ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ കാര്യങ്ങൾ പ്രതിഫലിപ്പിക്കുന്നു.

ശാസ്ത്രജ്ഞനും ചരിത്രകാരനുമായ അൽബിറൂനി (970-1039)[17] ഭാരതം സന്ദർശിക്കുകയും തന്റെ ഡയറിക്കുറിപ്പുകളിലൂടെ അക്കാലത്തെ ഭാരതീയ രാഷ്ട്രീയ സമൂഹിക പരിസ്ഥിതിയിലേക്കു വെളിച്ചം വിതറുകയും ചെയ്തു. 1254-ൽ വെനീസിൽ ജനിച്ച മാർക്കോപോളോ ചൈനീസ് ഭരണാധികാരിയായ കുബ്ലാഖാന്റെ ആഗ്രഹപ്രകാരം ഭാരതം സന്ദർശിച്ചപ്പോൾ കേരളത്തിലും എത്തുകയുണ്ടായി. ചോളമണ്ഡലം, സെന്റ് തോമസ് മൗണ്ട്, കന്യാകുമാരി, കൊല്ലം, മലബാർ തുടങ്ങിയ തെന്നിന്ത്യൻ സ്ഥലങ്ങൾ സന്ദർശിച്ച മാർക്കോപോളോയുടെ ഡയറിക്കുറിപ്പുകൾ[18] കേരളത്തെ സംബന്ധിച്ച് കൂടുതൽ ചരിത്ര പ്രാധാന്യമുള്ളതാണ്.

14-ആം നൂറ്റണ്ടിലെ ഭാരതീയ സാമൂഹിക-സാംസ്കാരിക പരിസ്ഥിതി വെളിപ്പെടുത്തുന്നതാണ് ലോകസഞ്ചാരിയായ ഇബ്നു ബത്തൂത്ത (1304-79) യുടെ ഡയറിക്കുറിപ്പുകൾ.[19] ഇന്ത്യയിൽ അന്നു നിലനിന്ന സതിയുടെ ദുരന്തമുഖവും ഭരണാധികാരിയായ മുഹമ്മദ് ബിൻ തുഗ്ളക്കിന്റെ ഭ്രാന്തൻ ഭരണവും തന്റെ കുറിപ്പുകളിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

15-നൂറ്റാണ്ടിൽ ഭാരതം സന്ദർശിച്ച റഷ്യക്കാരനായ നികീതിൻ ഒരു വ്യാപാരി എന്നതിനപ്പുറം ഇന്ത്യയുടെ ആത്മാവ് കണ്ടെത്താനാഗ്രഹിച്ച ഒരു ജിജ്ഞാസു കൂടിയാണെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ തെളിയിക്കുന്നു.

പോർട്ടുഗീസുകാരായ കോവിൻഹോയും വാസ്കോ ദെ ഗാമയും[20] കേരളത്തിലെത്തിയത് ഭാരതവുമായുള്ള വ്യാപാരകാര്യങ്ങൾക്കു പ്രാമുഖ്യം നൽകിയാണെങ്കിലും ഇവരുടെ ഡയറിക്കുറിപ്പുകൾ കേരളീയരെ സംബന്ധിച്ച് അമൂല്യങ്ങളാണ്.

ഭാരതീയ ഭാഷകളിൽ

[തിരുത്തുക]
ആനന്ദരംഗംപിള്ള

പാശ്ചാത്യ സാഹിത്യത്തിലെ ഡയറിക്കുറിപ്പുകളുടെ സ്വാധീനത്തിൽ മിക്ക ഭാരതീയ ഭാഷകളിലും 19-ആം നൂറ്റണ്ടിന്റെ മധ്യത്തോടെ ഡയറിക്കുറിപ്പുകൾ എഴുതുക എന്ന സമ്പ്രദായം പ്രചാരത്തിൽവന്നു. എന്നാൽ തമിഴ് ഭാഷയിൽ 18-ആം നൂറ്റാണ്ടിൽ തന്നെ വളരെ പ്രശസ്തമായ ഡയറിക്കുറിപ്പ് എഴുതപ്പെട്ടിരുന്നു. ആനന്ദരംഗംപിള്ള എഴുതിയ ഡയറിക്കുറിപ്പാണ് ഇത്. വ്യവസായ പ്രമുഖനും ഫ്രഞ്ച് ഇന്ത്യയുടെ ഗവർണറും ഫ്രഞ്ച് ഗവൺമെന്റിന്റെ ഇന്ത്യയിലെ പ്രതിനിധിയും ആയിരുന്ന ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ 1948 മുതൽ 81 വരെയുള്ള കാലയളവിൽ എട്ടു വാല്യമായി പ്രസിദ്ധീകൃതമായി. പ്രസിദ്ധീകരണത്തിനു മുൻപു തന്നെ ഇതിന് ഇംഗ്ലീഷിലും ഫ്രെഞ്ചു ഭാഷയിലും വിവർത്തനങ്ങൾ ഉണ്ടായി.

19-ആം നൂറ്റാണ്ടിൽ തമിഴിൽ ഉണ്ടായ ഡയറിക്കുറിപ്പുകളിൽ പ്രമുഖമാണ് സവരിറോയപിള്ളൈയുടേത്. 1836 മുതൽ 63 വരെ എഴുതിയ ഡയറിക്കുറിപ്പുകൾ ഒന്നാം ഭാഗമായും, ശേഷിച്ചത് രണ്ടാം ഭാഗമായി 1899-ലും പ്രസിദ്ധീകരിച്ചു.

രാജാജിയുടെ ഡയറി

[തിരുത്തുക]
സി. രാജഗോപാലാചാരി

സി. രാജഗോപാലാചാരി 1921-ലും 1922-ലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽവാസമനുഭവിച്ച കാലത്ത് ജയിലിലെ ദുരിതവും ആസ്മാരോഗം അലട്ടുന്ന തനിക്ക് അനുഭവിക്കേണ്ടിവന്ന അപാരമായ കഷ്ടപ്പാടും ദിവസവും രേഖപ്പെടുത്തി. ഈ ഡയറിക്കുറിപ്പുകൾ 1922-ൽ തന്നെ പ്രസിദ്ധീകരിച്ചു. രാജാജിയുടെ സഹപ്രവർത്തകനായ വേദരത്നംപിള്ളയും ദിനസരിക്കുറിപ്പുകൾ എഴുതിയിരുന്നു. ഇത് ഇദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ (1981) ഉൾപ്പെടുത്തിയിട്ടുണ്ട്.[21]

ഗുജറാത്തിയിലും ഹിന്ദിയിലും

[തിരുത്തുക]

19-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ മിക്ക ഭാരതീയ ഭാഷകളിലും ഡയറിക്കുറിപ്പുകൾ എഴുതുന്നത് പ്രചാരത്തിൽ വന്നെങ്കിലും ഗുജറാത്തി ഭാഷയിലും ഹിന്ദിയിലുമാണ് ഇത് ഒരു സാഹിത്യരൂപമെന്ന നിലയിൽ ആദ്യം അംഗീകാരം നേടിയത്. മുഗൾ ദർബാറുകളിലും മഹാരാജാ രഞ്ജിത് സിംഹിന്റെ രാജസദസ്സിലും ഡയറി എഴുതി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇവ പേർഷ്യൻ ഭാഷയിലാണ് എഴുതിയിരുന്നത്. സാമൂഹിക പരിഷ്കർത്താവും ഗുജറാത്തിലെ മാനവ ധർമ സഭയുടെ സ്ഥാപകനുമായ ദുർഗാറാം മേത്താജി ദീർഘകാലം ഡയറിക്കുറിപ്പ് എഴുതിയിരുന്നെങ്കിലും 1843 ജനുവരി മുതൽ 45 ജനുവരി വരെ എഴുതിയ ഡയറിക്കുറിപ്പു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം സേവനമനുഷ്ഠിച്ച വിദ്യാലയം അഗ്നിക്കിരയായപ്പോൾ അവിടെ സൂക്ഷിച്ചിരുന്ന അന്നുവരെയുള്ള ഡയറിക്കുറിപ്പുകളും നഷ്ടപ്പെടുകയുണ്ടായി.

പ്രാർഥനാസമാജത്തിന്റെ സ്ഥാപകരിലൊരാളായ ഭോലാനാഥ സാരാഭായി 27-ആം വയസ്സു മുതൽ ഡയറിക്കുറിപ്പുകൾ എഴുതി വന്നു. ആദ്യം കുറച്ചുകാലം പേർഷ്യൻ ഭാഷയിലും പിന്നീട് ഇംഗ്ലീഷിലും അതിനുശേഷം ഗുജറാത്തിയിലും ആണ് ഡയറി എഴുതിയത്. ഇദ്ദേഹത്തിന്റെ പുത്രനും, കവി, നിരൂപകൻ, ഭാഷാശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സാമൂഹിക പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ ബഹുമുഖപ്രതിഭനുമായ നരസിംഹറാവുവും ഡയറി എഴുതുന്ന ശീലം തുടർന്നു. ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ റോജ്നിശി എന്ന പേരിൽ പ്രസിദ്ധീകൃതമായി.

മഹാത്മജിയുടെ ഡയറി

[തിരുത്തുക]
മഹാത്മാഗാന്ധി

സരസ്വതിചന്ദ്ര എന്ന പ്രശസ്ത കൃതിയുടെ രചതിയാവായ ഗോവർധൻ റാം ത്രിപാഠി (1855-1907) 1885 മുതൽ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. ഇത് പിൽക്കാലത്ത് 1959-60-ൽ മൂന്നുവാല്യമായി പ്രസീദ്ധീകരിച്ചു. വി. കെ. ഠാകൂർ ഇംഗ്ലീഷും ഗുജറാത്തിയും ഇടകലർത്തി എഴുതിയിരുന്ന ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് എച്ച്. എം. ത്രിവേദി പ്രസാധനം ചെയ്ത് 1969-ലും 1976-ലും രണ്ടു ഭാഗമായി പ്രസീദ്ധീകരിച്ചു.[22] ഗാന്ധിജിയുടെ സന്തത സഹചാരിയായ മഹാദേവ ദേശായി 1917 മുതൽ 42 വരെ ഗാന്ധിജിയുടെ ദൈനംദിന കാര്യങ്ങളും പ്രവർത്തനവും ആശയഗതിയും ഡയറിക്കുറിപ്പായി എഴുതിയത് ഈ മേഖലയിലെ പ്രത്യേകതയുള്ള രേഖയാണ്. മഹാദേവഭായിനി ഡയറി എന്ന പേരിലിതു പ്രസിദ്ധീകരിച്ചു. ഇത് മഹാദേവഭായി കി ഡയറി എന്ന പേരിൽ ജമ്നാലാൽ ബജാജ് ഹിന്ദിയിൽ വിവർത്തനം ചെയ്തത്, മൂന്നു ഭാഗമായി 1966-ൽ പ്രസിദ്ധീകൃതമായി.

ഹിന്ദിയിലെ ചില പ്രശസ്തരുടെ ഡയറി

[തിരുത്തുക]

രാധാചരൺ ഗോസ്വാമി 1872 മുതൽ 76 വരെ എഴുതിയ കുറിപ്പുകളാണ് ഹിന്ദിയിലെ ആദ്യത്തെ പ്രധാന ഡയറിക്കുറിപ്പായി അറിയപ്പെടുന്നത്. ഇതിനുശേഷം ശ്രദ്ധേയമായ ഡയറി ധീരേന്ദ്രവർമയുടേതാണ്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ഡയറിക്കുറിപ്പെഴുതിത്തുടങ്ങി ധീരേന്ദ്രവർമ. 1917 മുതൽ 23 വരെ എഴുതിയ കുറിപ്പുകൾ 4 ഭാഗങ്ങളായി മേരി കോളജ് ഡയറി എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധീകൃതമായി. നരദേവശാസ്ത്രിയുടെ വേദതീർഥ് കി ജയിൽ ഡയറി (1930)യിൽ വ്യക്തിഗതമായ അനുഭവങ്ങൾക്കല്ല, ആനുകാലിക സാഹിത്യ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. വാല്മീകി ചൗധരി എഴുതിയ രാഷ്ട്രപതി ഭവൻ കീ ഡയറി 1950-52 കാലഘട്ടത്തിൽ ഡോ. രാജേന്ദ്രപ്രസാദ്[23] രാഷ്ട്രപതിയായിരുന്ന കാലത്ത് രാഷ്ട്രപതിഭവനിലെ സംഭവങ്ങളെ രേഖപ്പെടുത്തുന്ന ദിനസരിക്കുറിപ്പുകളാണ്. മൈഥിലീ ശരൺ ഗുപ്ത 1935 മുതൽ 50 വരെ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസീദ്ധീകൃതമായി. രാജേന്ദ്രപ്രസാദ്, ഘനശ്യാമ്ദാസ ബിർല (ഡയറി കെ കുഛ് പന്നെ) മണിബഹൻ (ഏകലാ ചലോ രെ - 1946-47) നിർമ്മല ദേശ്പാണ്ഡെ (സർവോദയ പദയാത്ര), ദാമോദർദാസ (വിനോബാ കെ സാഥ്) തുടങ്ങിയവരുടെ ഡയറിക്കുറിപ്പുകളിൽ സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളുടെ വിശകലനത്തിനാണ്, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ രേഖപ്പെടുത്തലിനേക്കാൾ പ്രാധാന്യം നൽകിയിരിക്കുന്നത്.

1949-58 കാലത്ത് മുക്തിബോധ് എഴുതിയ ഏക് സാഹിത്യക് കീ ഡയറിയാണ് ഈ കാലത്തെ മാതൃകാപരമായ ഡയറി. ഇതിൽ, എല്ലാ ദിവസവും തുടർച്ചയായി എഴുതുന്ന രീതിയല്ല പിന്തുടർന്നിരിക്കുന്നത്. മലയജ്, ശ്രീകാന്ത് വർമ, ശിവദാൻസിംഹ് ചൗഹാൻ, മോഹൻ രാകേശ്, നരേശ് മേഹ്ത്ത തുടങ്ങിയവരുടെ ഡയറികളും ഉപേന്ദ്രനാഥ് അശ്കിന്റെ സ്യാദാ അപനി കമ് പരായി, പ്രഭാകർ മാച്വെയുടെ പശ്ചിമ് മെം ബൈഠ് കർ പൂർവ് കീ ഡയറി, ധർമ്വീർ ഭാരതിയുടെ തേലെ പർ ഹിമാലയ്, വിശ്വനാഥ് പ്രസാദ് തിവാരിയുടെ ഡയറി കെ പാംച് പൃഷ്ഠ്, സീതാറാം സെക്സേരിയുടെ ഏക് കാര്യകർതാ കീ ഡയറി, രാംധാരി സിൻഹ് ദിൻകറിന്റെ ദിൻകർ കീ ഡയറി, ചന്ദ്രശേഖറിന്റെ മേരി ജയിൽ ഡയറി എന്നിവയും ആധുനിക കാലത്തെ ഡയറിക്കുറിപ്പുകളിൽ പ്രധാനപ്പെട്ടവയാണ്. 1975-77-ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസമനുഭവിച്ചപ്പോൾ എഴുതിയതാണ് മേരി ജയിൽ ഡയറി.

പഞ്ചാബി ഭാഷയിൽ പ്രസിദ്ധീകരിച്ച എസ്. എസ്. അമോലിന്റെ യത്രു ദെ ഡയറി (1965), ബൽരാജ് സാഹ്നിയുടെ മേരി ഘൈർ ജസ്ബാതി ഡയറി (1970) എന്നിവ ഡയറിക്കുറിപ്പുകൾ എന്നതിനെക്കാൾ യാത്രാവിവരണം, ഓർമക്കുറിപ്പുകൾ എന്നീവിഭാഗങ്ങളിലുൾപ്പെടുത്താവുന്നവയാണ്.

അസമീയ ഭാഷയിൽ

[തിരുത്തുക]

ലക്ഷമീ നാഥ് ബസ്ബറുവയുടെ ഡയറിക്കുറിപ്പുകളാണ് അസമിയ ഭാഷയിൽ ഈ വിഭാഗത്തിൽപ്പെടുന്ന പ്രധാന ഗ്രന്ഥം. ഇദ്ദേഹം 1895 മുതൽ 1903 വരെ എഴുതിയ ഡയറിക്കുറിപ്പുകൾ മഹേശ്വര നിയോഗ് പ്രസാധനം ചെയ്ത് ദിനലേഖ എന്ന പേരിൽ 1969-ൽ പ്രസിദ്ധീകരിച്ചു.

ഡയറിക്കുറിപ്പുകൾ മലയാളത്തിൽ

[തിരുത്തുക]

മലയാളത്തിൽ ആധുനിക കാലത്താണ് ഡയറിക്കുറിപ്പുകൾ സാഹിത്യരൂപമായി ഗണിക്കപ്പെട്ടത്. കേരളവർമ വലിയകോയിത്തമ്പുരാൻ, ഏ. ആർ. രാജരാജവർമ, കെ. സി. കേശവപിള്ള, കുമാരനാശാൻ, വള്ളത്തോൾ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ തുടങ്ങിയ പ്രശസ്തരായ കവികളുടെ ഡയറിക്കുറിപ്പുകൾ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. സമകാലിക സാഹിത്യത്തിന്റെ ഗതിവിഗതികളുടെ രേഖ എന്നതിനൊപ്പം പ്രശസ്ത സാഹിത്യകാരന്മാരിൽത്തന്നെ ഉന്നതമായ വ്യക്തിത്വത്തിനുടമകളും അല്ലാത്തവരുമുണ്ടെന്നു വെളിപ്പെടുത്തുന്നവകൂടിയാണ് പല ഡയറിക്കുറിപ്പുകളും. ഏ. ആർ. രാജരാജവർമയും സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയും മറ്റേതൊരു സാഹിത്യ കാരനും നൽകിയതിലധികം ആദരം തനിക്കു നൽകിയിരുന്നു എന്ന് കുമാരനാശാൻ തന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഡയറിക്കുറിപ്പുകളുടെ അപൂർവതയ്ക്കും സാഹിത്യ-ചരിത്ര പ്രാധാന്യങ്ങൾക്കും ദൃഷ്ടാന്തമാണ്.

സാഹിത്യകാരന്മാരുടെ ഡയറിക്കുറിപ്പുകൾ

[തിരുത്തുക]

‌ ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയുടേയും സി. അച്യുതമേനോന്റേയും ഡയറിക്കുറിപ്പുകൾ യഥാക്രമം 2000-ലും 2002-ലും ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകൃതമായി. രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളായിരുന്നു രണ്ടുപേരും. കേരള മുഖ്യമന്ത്രിയും ചിന്തകനുമായിരുന്ന സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകൾ മുൻപുതന്നെ കലാകൗമുദി വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. എസ്. കെ. പൊറ്റക്കാടിന്റെ സംസാരിക്കുന്ന ഡയറിക്കുറിപ്പുകൾ (1981) അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും ദർശനങ്ങളും ഈ കുറിപ്പുകളുടെ പശ്ചാത്തലത്തിൽ പ്രകാശിപ്പിക്കുവാൻ ശ്രമിക്കുന്നു. ഡയറിക്കുറിപ്പിന്റെ മാതൃകയിൽ സ്വന്തം ജീവിതഗ്രന്ഥത്തിലെ പഴയ താളുകൾ മറിച്ചു നോക്കുകയും സവിശേഷ സംഭവങ്ങളേയും വ്യക്തികളേയും തനതായ ശൈലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി സ്കൂൾ ഫൈനൽ പരീക്ഷ ജയിച്ച് കോളജിൽ ചേർന്ന നാൾതൊട്ട് മരിക്കുന്നതിനു തലേനാൾ വരെ-55 ലേറെ വർഷം-കൃത്യമായി, ഒറ്റ ദിവസം മുടങ്ങാതെ ഡയറി എഴുതിയിരുന്നതായി ഇതിന്റെ പ്രസാധകൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 1940 മുതൽ 56 വരെയുള്ള 17 വർഷത്തെ ഡയറിക്കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്തവ മാത്രമാണ് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1940 ഓഗസ്റ്റ് 16 (1116 ചിങ്ങം 1)-നു രേഖപ്പെടുത്തിയ പുതുവത്സരമേ നിനക്കു സ്വാഗതം. ചടുലമായ കാലടികളോടെ, എന്നാൽ നിരാശയുടെയും ദുരന്തത്തിന്റെയും നിഴലോടു കൂടിയാണ് പുതുവത്സരം വരുന്നത്. എന്നാൽ എന്റെ അദമ്യമായ ശുഭാപ്തി വിശ്വാസം മനസ്സിൽ പ്രതീക്ഷ ജനിപ്പിക്കുന്നു എന്ന വരികളോടെ ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകൾ ആരംഭിക്കുന്നു.

അച്യുതമേനോന്റെ ഡയറിക്കുറിപ്പുകൾ

[തിരുത്തുക]
സി. അച്യുതമേനോൻ

1993-94 വർഷങ്ങളിൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളെ അവലംബമാക്കിയാണ് കെ. വി. സുരേന്ദ്രനാഥ് സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകൾ പ്രസാധനം ചെയ്തത്.[24] 1976 മുതൽ 89 തുടക്കം വരെയുള്ള കാലയളവിലെ ദിനസരിക്കുറിപ്പുകൾ ഇതിലുൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ആദ്യ വർഷങ്ങളിൽ ഒട്ടുമിക്കദിവസങ്ങളിലും ഗ്രന്ഥകാരൻ ഡയറി എഴുതിയതായി കാണാം. 1985 മുതൽ പല ദിവസവും ഡയറി എഴുതാതെയും സംഭവങ്ങൾ രണ്ടോമൂന്നോ വാക്കിൽ മാത്രം ഒതുക്കി എഴുതുകയും ചെയ്തതായി കാണുന്നു. 1977 വരെ, ഏഴു വർഷം, ഗ്രന്ഥകാരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അവസാനത്തെ ഒരു വർഷം മാത്രമേ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. താൻ വായിച്ച, പ്രശസ്തരും അപ്രശസ്തരുമായ സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങളെക്കുറിച്ചും രാഷ്ട്രീയ- കലാ-സാഹിത്യരംഗങ്ങളിൽ തനിക്കിടപെടെണ്ടിവന്ന വ്യക്തികളെക്കുറിച്ചും തികഞ്ഞ ഉൾക്കാഴ്ചയോടെ സി. അച്യുതമേനോൻ നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ഈ ഡയറിക്കുറിപ്പുകൾക്ക് ഏറെ പ്രധാന്യം നൽകുന്നുണ്ട്. ഗ്രന്ഥകാരന്റെ മാനുഷികഭാവവും കൃത്യനിഷ്ഠയും സ്പഷ്ടമാക്കുന്നുണ്ട് ഈ ഡയറിക്കുറിപ്പുകൾ. ‌ ഗദ്യസാഹിത്യത്തിന്റെ വികാസത്തിൽ ഡയറിക്കുറിപ്പുകൾക്ക് പ്രമുഖസ്ഥാനമാണുള്ളത്. നോവൽ, ജീവചരിത്രം, ആത്മകഥ തുടങ്ങിയ സാഹിത്യ ശാഖകളിലെ പല പ്രമുഖകൃതികൾക്കും ഇത് അടിസ്ഥാന കാരണമായിട്ടുണ്ട്. ഡയറിക്കുറിപ്പുകളുടെ മാതൃകയിലുള്ള നോവലുകളും അപസർപ്പകകഥകളും ആത്മകഥയും മറ്റും വേറെയുമുണ്ട്. സംഭവങ്ങളുടെ യഥാതഥമായ ചിത്രീകരണവും അവ പ്രദാനം ചെയ്യുന്ന പ്രഥമ വിചാര വികാരങ്ങളുടെ രേഖയുമെന്ന നിലയിൽ ചരിത്രത്തിനെന്ന പോലെ സാഹിത്യത്തിനും ഡയറിക്കുറിപ്പുകൾ അക്ഷയഖനികളാണ്.

ഇതുകൂടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.generation-europe.eu/what-we-do/our-projects/latin-diary/ Archived 2012-09-26 at the Wayback Machine. In 2009, we published a Latin edition of the “Europa Diary”.
  2. http://encyclopedia2.thefreedictionary.com/Ephemeros ephemeris (ĭfĕm`ərĭs) (pl., ephemerides), table listing the position of one or more celestial bodies for each day of the year.
  3. http://www.britannica.com/EBchecked/topic/188565/Quintus-Ennius Quintus Ennius, (born 239 bc, Rudiae, southern Italy—died 169 bc), epic poet, dramatist, and satirist, the most influential of the early Latin poets, rightly called the founder of Roman literature.
  4. http://etext.virginia.edu/toc/modeng/public/CaeComm.html Caesar, Julius. Caesar's Commentaries on the Gallic and Civil Wars: with the Supplementary Books attributed to Hirtius.
  5. http://www.poetryintranslation.com/PITBR/Italian/TheNewLifeI.htm La Vita Nuova ‘The New Life’of Dante Alighieri Sections I to X
  6. http://www.poetryintranslation.com/PITBR/Italian/Petrarchhome.htm Poems From The Canzoniere A selection of fifty-three poems forming an introduction to the Canzoniere.
  7. http://www.pepysdiary.com/ The Diary of Samuel Pepys
  8. http://books.google.co.in/books/about/The_Diary_Of_John_Evelyn.html?id=zcJ0d-iZ8CYC&redir_esc=y The Diary Of John Evelyn
  9. http://www.amazon.com/Boswells-London-Journal-1762-1763-Boswell/dp/0300093012 Boswell's London Journal, 1762-1763
  10. http://www.dailymail.co.uk/news/article-2149551/The-diary-Queen-Victoria-aged-13-40-000-pages-monarchs-journals-launched-online-great-great-granddaughter.html The diary of Queen Victoria, aged 13: 40,000 pages of monarch's journals launched online by great-great-granddaughter Elizabeth Read more: http://www.dailymail.co.uk/news/article-2149551/The-diary-Queen-Victoria-aged-13-40-000-pages-monarchs-journals-launched-online-great-great-granddaughter.html#ixzz2713J5r9r Follow us: @MailOnline on Twitter | DailyMail on Facebook
  11. http://thediaryjunction.blogspot.in/2011/06/terrible-ordeal.html Both George and Mary kept diaries, and although these have not been published, a few extracts are in the public domain, including some about their Coronation Day.
  12. http://www.flathammockpress.com/TheDiaryofaRum-Runner.htm Archived 2013-01-20 at the Wayback Machine. The Diary of a Rum-Runner by Alastair Moray
  13. http://pabook.libraries.psu.edu/palitmap/bios/Lawrence__David.html Archived 2013-05-15 at the Wayback Machine. David Lawrence, born on December 25, 1888, in Philadelphia, Pennsylvania, would become one of America’s most highly respected and widely recognized journalists.
  14. http://www.diarylibrary.net/fleming Archived 2012-07-11 at the Wayback Machine. The Marjory Fleming Traveling Exhibit
  15. http://www.amazon.com/Anne-Frank-Diary-Young-Girl/dp/0553296981 Discovered in the attic in which she spent the last years of her life, Anne Frank's remarkable diary has since become a world classic -- a powerful reminder of the horrors of war and an eloquent testament to the human spirit.
  16. http://www.fordham.edu/halsall/ancient/periplus.asp Archived 2012-08-29 at the Wayback Machine. The Periplus of the Erythraean Sea: Travel and Trade in the Indian Ocean by a Merchant of the First Century
  17. http://www-groups.dcs.st-and.ac.uk/history/Biographies/Al-Biruni.html Archived 2016-11-21 at the Wayback Machine. Abu Arrayhan Muhammad ibn Ahmad al-Biruni
  18. http://www.silk-road.com/artl/marcopolo.shtml Marco Polo (1254-1324), is probably the most famous Westerner traveled on the Silk Road.
  19. http://books.google.co.uk/books/about/The_Travels_of_Ibn_Batuta.html?id=_XlbAAAAQAAJ The Travels of Ibn Batuta (Google eBook)
  20. http://www.bbc.co.uk/history/historic_figures/da_gama_vasco.shtml Da Gama was a Portuguese explorer and navigator, and the first person to sail directly from Europe to India.
  21. http://www.ranker.com/list/c-rajagopalachari-books-and-stories-and-written-works/reference C. Rajagopalachari Books List
  22. http://www.mkgandhi.org/swmgandhi/chap07.htm Extracts from the Delhi Diary
  23. http://www.culturalindia.net/leaders/rajendra-prasad.html Dr. Rajendra Prasad
  24. http://www.hindu.com/br/2003/02/25/stories/2003022500090302.htm[പ്രവർത്തിക്കാത്ത കണ്ണി] Compilation of diary entries

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയറിക്കുറിപ്പുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയറി&oldid=3988543" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy