ഓപ്പറ
പാട്ടുകാരും മറ്റു സംഗീതജ്ഞരും നാടകരൂപത്തിൽ സംഗീതം അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് ഓപ്പറ. ഇത് പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ മറ്റൊരു ശൈലിയാണ്. സംഗീതത്തോടൊപ്പം തന്നെ അഭിനയം, പശ്ചാത്തലം, വേഷവിധാനങ്ങൾ, നൃത്തം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഓപ്പറ തീയേറ്ററുകൾ എന്നറിയപ്പെടുന്ന വലിയ ഹാളുകളിൽ ആയിരിക്കും ഇവ സാധാരണയായി അവതരിപ്പിക്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റലിയിൽ ആണ് ഇതിൻറെ തുടക്കം. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇത് യൂറോപ്പിന്റെ മറ്റു ഭാഗത്തേക്ക് വ്യാപിക്കുകയും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതതു രാജ്യത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിട്ടുള്ള ശൈലികളിൽ അവതരിപ്പിക്കുവാനും തുടങ്ങി.[1]
വിശദാംശങ്ങൾ
[തിരുത്തുക]കഥാപാത്രങ്ങൾ പാട്ട് പാടി അഭിനയിക്കുന്നു. സംഭാഷണ ശൈലിയിലാവും ചിലപ്പോൾ ഗാനങ്ങൾ. നല്ല വേഷവിധാനങ്ങളും മികച്ച ഓർകെസ്ട്രയും ഉണ്ടാവും.ഫ്ലോറൻസിലെ കൌണ്ട് ഗിയോവാനി ബാർദി(1534-1612)നാടകങ്ങളും നാടൻ കഥകളും സംഗീതാത്മകമായി അവതരിപ്പിച്ചു. ഇറ്റലിയിലെ ചില കവികളും ഇതിനോട് ചേർന്ന് പ്രവർത്തിച്ചു അങ്ങനെ ഓപ്പെറ രൂപം ഉണ്ടായി. കഥാകൃത്തുക്കൾ,ഗാന രചയിതാക്കൾ,അഭിനേതാക്കൾ, ഓർകെസ്ട്രക്കാർ, ഗായകർ, രംഗസജ്ജീകരണക്കാർ തുടങ്ങി അനേകം കലാകാരന്മാരുടെ കൂട്ടായ പ്രവർത്തനം ഇതിനാവശ്യമാണ്. ഓപ്പെറ എല്ലാ സുന്ദരകലകളെയും ഉൾക്കൊള്ളുന്ന ഒരു കലാരൂപമാണ്. അതിലെ വസ്ത്രധാരണം അതിശ്രദ്ധേയമാണ്. എങ്കിലും വസ്ത്രധാരണത്തിന്റേതുമാത്രമായ ഒരു പ്രകടനം എന്ന് അതിനെ വിലയിരുത്തുവാൻ പാടില്ല. സംഗീതം അലങ്കാരത്തിനുവേണ്ടിമാത്രം കളിയിൽ അടിച്ചേൽപിച്ചിരിക്കുന്നു എന്നു വിചാരിക്കുന്നതും ശരിയല്ല.പാശ്ചാത്യരാജ്യങ്ങളിൽ വളരെയധികം ചിലവഴിച്ചു പണിചെയ്തിട്ടുള്ള "ഓപ്പെറ ഹൗസുകൾ" കാണാൻ കഴിയും. ഈ ഓപ്പെറ ഹൗസുകളെല്ലാംതന്നെ വളരെ മനോഹരമായി അലങ്കാരം ചെയ്തിട്ടുള്ളവയുമാണ്. വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള വാദ്യമേളങ്ങളാണ് ഓപ്പെറയ്ക്കുവേണ്ടി ഉപയോഗിക്കാറുള്ളത്. പണ്ഡിത പാമര ഭേദമെന്യേ ആസ്വാദകർ ഓപ്പെറ ഇഷ്ടപ്പെടുന്നു. ഭാരതത്തിൽ ഗേയനാടകം എന്ന കലാരൂപമാണ് ഓപ്പെറയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിൽ കവിതയും സംഗീതവും നൃത്തവും അടങ്ങിയിരിക്കുന്നു. കൂടാതെ, ഈ കലാരൂപം പ്രതീകാത്മകവുമാണ്. [2]